അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 തുടക്കമായി
ജനുവരി 27 | ഉദ്ഘാടന സമ്മേളനം
പ്രാർത്ഥനയിലൂടെ പുതുക്കപ്പെടലിനു ജനം ഒരുങ്ങണം :
പാസ്റ്റർ ടി. ജെ.സാമുവേൽ
പറന്തൽ: ദൈവസഭയുടെ വളർച്ചയ്ക്ക് ശക്തി പകരുവാൻ പിൻമഴ പെയ്തിറങ്ങുന്ന സമയമാണിതെന്നും പിൻമഴയ്ക്കായി ജനം ഉണർന്നു പ്രാർത്ഥിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. കൃഷികളുടെ ആരംഭത്തിൽ മുൻമഴയും യഥാസമയം മികച്ച ഫലം ലഭിക്കേണ്ടതിനു പിൻമഴയും ആവശ്യമായിരിക്കുന്നതു പോലെ ദൈവത്തിൻ്റെ സഭയ്ക്കും ഇത് അനിവാര്യമാണെന്നും ഈ കാലം പിൻമഴയുടെ കാലമാണെന്നും അത് പ്രാർത്ഥനയും ഉണർവുമായി ഭാരതമെങ്ങും ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.
ജനവും സഭയും ആലസ്യം വിട്ടുണരണമെന്നും പ്രാർത്ഥനയ്ക്ക് പ്രത്യേക പ്രാധാന്യം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് സഭ ഈ വർഷം പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചു. നിലയ്ക്കാത്ത പ്രാർത്ഥനയ്ക്കൊപ്പം കൂടുതൽ പ്രാർത്ഥന പരിപാടികൾ സഭ മറ്റു പ്രവർത്തനങ്ങൾക്കൊപ്പം നടപ്പിലാക്കുമെന്നും പാസ്റ്റർ ടി.ജെ. സാമുവേൽ പറഞ്ഞു.
പാസ്റ്റർ കെ.സി.ജോൺ ഡാളസ്, പാസ്റ്റർ
ജോൺ തോമസ് കാനഡ എന്നിവർ മുഖ്യസന്ദേശം നല്കി.ചർച്ച് ഓഫ് ഗോഡ് സൗദി ഓവർസീയറായ പാസ്റ്റർ റെജി തലവടി ആശംസാസന്ദേശം നല്കി.ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി. സൈമൺ അദ്ധ്യക്ഷനായിരുന്നു.സിസ്റ്റർ ഡയ്സി തോമസ്, ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ ബ്രദർ ബാബു തോമസ്, കട്ടപ്പന സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷിബു ഫിലിപ്പ് എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. എറണാകുളം വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജു പി.എസ് പ്രാരംഭ പ്രാർത്ഥനയും അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.ജി.ഡാനിയേൽ സമർപ്പണ പ്രാർത്ഥനയും നടത്തി.പാസ്റ്റർ ഇമ്മാനുവേൽ കെ.ബി യുടെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.